Skip to content

ടീമിൽ സ്ഥാനം നിലനിർത്താൻ കളിക്കുന്ന കളിക്കുന്ന താരമല്ല ഞാൻ : ഷാർദുൽ താക്കൂർ

ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയല്ല താൻ ഇന്ത്യൻ ടീമിൽ കളിക്കുന്നതെന്ന് ഷാർദുൽ താക്കൂർ. അത്തരമൊരു ചിന്ത തനിക്കില്ലെന്നും താൻ അത്തരത്തിലുള്ള ഒരു പ്ലേയർ അല്ലെന്നും താക്കൂർ പറഞ്ഞു.

വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ അടക്കം മികച്ച പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്. 8 വിക്കറ്റ് മൂന്ന് മത്സരങ്ങളിൽ നിന്നും താരം നേടിയിരുന്നു. ഈ വർഷം തുടക്കത്തിൽ ഏകദിന ടീമിൽ താക്കൂർ ഉണ്ടായിരുന്നില്ല. എന്നാൽ ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരകളിൽ ഇന്ത്യ താരത്തെ ടീമിൽ ഉൾപെടുത്തി. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിനിടയിലും ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമോ എന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് താരം തുറന്നുപറഞ്ഞു.

” ലോ ഓർഡറിൽ ബാറ്റ് ചെയ്യുന്ന ഓൾ റൗണ്ടർ എന്ന നിലയിൽ എൻ്റെ റോളും പ്രധാനമാണ്. ചേസ് ചെയ്യുമ്പോഴും വലിയ ടോട്ടൽ ഉയർത്തുമ്പോഴും എൻ്റെ സേവനം ആവശ്യമായി വന്നേക്കാം. അവസരം ലഭിക്കുമ്പോഴെല്ലാം ടീമിൻ്റെ വിജയത്തിനായാണ് ഞാൻ ശ്രമിക്കുന്നത്. അത് മാത്രമാണ് എൻ്റെ ചിന്ത അത് ബാറ്റിങ്ങിൽ ആയാലും ബൗളിങിൽ ആയാലും അല്ലെങ്കിൽ ഫീൽഡിങിൽ ആയാലും. ടീമിൽ തൻ്റെ സ്ഥാനത്തിന് മാത്രം വേണ്ടി കളിക്കുന്ന തരത്തിലുള്ള കളിക്കാരനല്ല ഞാൻ. ആ ചിന്തയിൽ കളിച്ചാൽ എനിക്ക് കളിക്കുവാനാകില്ല. ”

” ലോകകപ്പ് ടീമിൽ അവർ എന്നെ ഉൾപെടുത്തിയില്ലെങ്കിൽ അത് അവരുടെ തീരുമാനമാണ്. എനിക്കതിൽ ഒന്നും ചെയ്യാനാകില്ല. എൻ്റെ സ്ഥാനത്തിന് വേണ്ടി കളിക്കുകയെന്നത് എൻ്റെ സംബന്ധിച്ച് ശരിയല്ല. ” താക്കൂർ പറഞ്ഞു.