Skip to content

ലോകകപ്പിൽ നമുക്ക് വേണ്ടത് സഞ്ജുവിനെയാണ് : മൊഹമ്മദ് കൈഫ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഞ്ജുവിനെ പോലെയൊരു താരത്തിന് മാത്രമേ സാധിക്കൂവെന്നും അതിന് പിന്നിലെ കാരണവും കൈഫ് വിശദീകരിച്ചു.

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജുവിൻ്റെ പ്രകടനം തന്നെ ഏറെ ആകർഷിച്ചുവെന്നും ആ മത്സരത്തിൽ 50 റൺസാണ് നേടിയതെങ്കിൽ പോലും ആ പ്രകടനത്തിൻ്റെ ഇംപാക്ട് വലുതായിരുന്നുവെന്നും ഇതിന് മുൻപും ഇത്തരം പ്രകടനങ്ങൾ സഞ്ജുവിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും കൈഫ് പറഞ്ഞു.

” നാലാമനായി ഇഷാൻ കിഷനെയോ അക്ഷർ പട്ടേലിനെയോ ഇറക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. ഇടം കയ്യൻ സ്പിന്നറെയും ലെഗ് സ്പിന്നറെയും നേരിടാൻ കഴിവുള്ള താരത്തെയാണ് നമുക്കവിടെ വേണ്ടത്. ആ കഴിവുള്ളത് സഞ്ജുവിനാണ്. “

” കഴിഞ്ഞ മത്സരം നോക്കൂ അതവന് നിർണായക മത്സരമായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തില്ലയെങ്കിൽ ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് അവനറിയാമായിരുന്നു. ആ സമ്മർദ്ദത്തിലാണ് അവൻ ആ പ്രകടനം നടത്തിയത്. അവൻ ലോകകപ്പിന് സജ്ജനാണ് ” കൈഫ് പറഞ്ഞു.