Skip to content

ഉത്തപ്പ ദി ഹീറോ !! ടി20 ലീഗിൽ വീണ്ടും ഇന്ത്യൻ താരത്തിൻ്റെ ഗംഭീര പ്രകടനം

സിം ആഫ്രോ ടി20 ലീഗിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ലീഗിലെ എലിമിനേറ്ററിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തൻ്റെ ടീമിനെ രണ്ടാം ക്വാളിഫയറിലേക്ക് എത്തിച്ചിരിക്കുകയാണ് സൂപ്പർതാരം.

മത്സരത്തിൽ 146 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹരാരെ ഹറികെയ്ൻസിനായി 36 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പെടെ 88 റൺസ് താരം അടിച്ചുകൂട്ടി. ഉത്തപ്പയുടെ മികവിൽ വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഹരാരെ മറികടന്നു. ഷെൽഡൻ കോട്രൽ, മുജീബ് റഹ്മാൻ, ടോം കറൻ എന്നിവർ അടങ്ങിയ കേപ് ടൗൺ സാമ്പ് ആർമിയുടെ ബൗളിംഗ് നിരയ്ക്കെതിരെയായിരുന്നു ഉത്തപ്പയുടെ ഈ പ്രകടനം.

കഴിഞ്ഞ മത്സരങ്ങളിൽ മികവ് പുലർത്തിയ ശ്രീശാന്തിന് ഈ മത്സരത്തിൽ അധികം തിളങ്ങാൻ സാധിച്ചില്ല. 2 ഓവറിൽ 39 റൺസ് അദ്ദേഹം വഴങ്ങി.

ക്രെയ്ഗ് എർവിൻ നയിക്കുന്ന ഡർബൻ ഖലന്ദറാണ് ഉത്തപ്പയുടെയും കൂട്ടരുടെയും എതിരാളികൾ. നേരത്തെ യൂസഫ് പത്താൻ്റെ മികവിൽ ആദ്യ ക്വാളിഫയറിൽ വിജയിച്ചുകൊണ്ട് മൊഹമ്മദ് ഹഫീസ് നയിക്കുന്ന ജോഹന്നാസ്ബർഗ് ബുഫലോസ് ഫൈനലിൽ പ്രവേശിച്ചിരുന്നു.