Skip to content

ഓപ്പണിങിൽ പിന്മാറി ഗിൽ !! കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് പൊസിഷനിൽ നിന്നും ശുഭ്മാൻ ഗിൽ സ്വയം പിന്മാറിയതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ ടെസ്റ്റിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഗില്ലിന് പകരം തനിക്കൊപ്പം ജയ്സ്വാൾ ഓപ്പൺ ചെയ്യുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഓപ്പണിങിൽ നിന്നും പിന്മാറിയ ഗിൽ മൂന്നാമനായാകും ഇനി ഇന്ത്യയ്ക്കായി കളിക്കുക. ഇത് സംബന്ധിച്ച് കോച്ച് രാഹുൽ ദ്രാവിഡുമായി ഗിൽ ചർച്ച നടത്തിയെന്നും ആഭ്യന്തര ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ കളിച്ചുശീലിച്ചതിനാൽ തനിക്ക് അനുയോജ്യമായ പൊസിഷൻ മൂന്നാം നമ്പർ തന്നെയായിരിക്കുമെന്നും മൂന്നാമനായി കൂടുതൽ മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് ഗിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഗിൽ മൂന്നാമനായതോടെ സീനിയർ താരം പുജാരയുടെ തിരിച്ചുവരവിൻ്റെ സാധ്യതകൾ ഏറെകുറെ അടഞ്ഞു. ഗിൽ ഫോമിലെത്തിയാൽ ഇനിയൊരു തിരിച്ചുവരവ് പുജാരയ്ക്ക് ഉണ്ടാകില്ല. ഇന്ത്യൻ ആരാധകർ ആഗ്രഹിച്ച മാറ്റം ടീം മാനേജ്മെൻ്റിൽ നിന്നും ഉണ്ടായില്ലെങ്കിലും ഗിൽ തന്നെ മുൻപോട്ട് വന്ന് ഈ തീരുമാനമെടുത്തത് ആരാധകരെ ഒന്നാകെ സന്തോഷത്തിലാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രധാനപെട്ട റോളുകളിൽ ഒന്നാണ് മൂന്നാം നമ്പർ ബാറ്റ്സ്മാൻ്റെത്.