Skip to content

വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ ! അജിത് അഗാർക്കർ പുതിയ ചീഫ് സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചീഫ് സെലക്ടറാകാനൊരുങ്ങി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗാർക്കർ. പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം അഗാർക്കർ തന്നെ ഇന്ത്യയുടെ ചീഫ് സെലക്ടറായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പരിചയസമ്പത്താണ് അജിത് അഗാർക്കർക്ക് ഗുണകരമായിരിക്കുന്നത്.

റിപോർട്ടുകൾ പ്രകാരം ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകനിരയിൽ നിന്നും അജിത് അഗാർക്കർ ഒഴിഞ്ഞുകഴിഞ്ഞു. കൂടാതെ ചീഫ് സെലക്ടറുടെ സാലറി അഗാർക്കറുടെ വരവോടെ ബിസിസിഐ ഉയർത്തും. നിലവിൽ വർഷത്തിൽ ഒരു കോടിയാണ് ചീഫ് സെലക്ടർക്ക് ലഭിക്കുക. മുൻ നിര താരങ്ങളെ ചീഫ് സെലക്‌ടറാകുന്നതിൽ നിന്നും പിന്നോട്ട് വലിച്ച കാര്യവും ഇതുതന്നെയായിരുന്നു.

ചേതൻ ശർമ്മ രാജിവെച്ചതോടെയാണ് പുതിയ ചീഫ് സെലക്‌ടറെ ബിസിസിഐ കണ്ടെത്താൻ തുടങ്ങിയത്. ഐസിസി ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നത് തന്നെയാണ് പുതിയ ചീഫ് സെലക്ടറുടെ പ്രധാന വെല്ലുവിളി. കൂടാതെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ഭാവിയെ കുറിച്ചും നിർണായക തീരുമാനം ചീഫ് സെലക്ടറിൽ നിന്നുണ്ടാകും. അഗാർക്കറെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയസമ്പത്തുള്ള താരത്തിൻ്റെ വരവ് ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.