Skip to content

എന്തുകൊണ്ടാണ് സെവാഗ് അടക്കമുളള വമ്പൻ താരങ്ങൾ ഇന്ത്യൻ ചീഫ് സെലക്ടറാകാത്തത് ? കാരണം ഇതാണ്

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് ഇന്ത്യ. കഴിവുറ്റ കളിക്കാരാൽ സമ്പന്നമാണ് ഇന്ത്യൻ ക്രിക്കറ്റ്. എന്നാൽ ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ട് 10 കൊല്ലമായിരിക്കുന്നു. ഇന്ത്യ ടൂർണമെൻ്റുകളിൽ പല കാരണങ്ങൾ ചൂണ്ടികാണിക്കുന്നുവെങ്കിലും അതിൽ പ്രധാനമാണ് ടീം സെലക്ഷൻ. ഈ അടുത്ത കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പരിചയസമ്പത്തുള്ള സെലക്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. ഓസ്ട്രേലിയ ജോർജ് ബെയ്ലിയെയും ഇംഗ്ലണ്ട് ലൂക്ക് റൈറ്റിനെയും ചീഫ് സെലക്ഷൻ സ്ഥാനം നൽകുമ്പോൾ പ്രായമേറിയ എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയസമ്പത്ത് കുറഞ്ഞ മുൻ താരങ്ങൾ ആണ് ഇന്ത്യയുടെ സെലക്ടർമാരാകുന്നത്.

നിലവിൽ സ്ഥാനമൊഴിഞ്ഞ ചേതൻ ശർമ്മയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. 2011 വേൾഡ് കപ്പ് ടീമിലെ ഒരു താരത്തെ എത്തിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. എന്നാൽ അതത്ര എളുപ്പമാവില്ലെന്നാണ് വിദഗ്ദർ ചൂണ്ടികാട്ടുന്നത്. അതിന് പ്രധാന കാരണം ഈ താരങ്ങളുടെ മൂല്യവും ബിസിസിഐ നൽകുന്ന ശമ്പളവും തന്നെ.

ഒരു കോടിയാണ് ഒരു വർഷത്തേക്ക് നിലവിൽ ചീഫ് സെലക്ടർമാർക്ക് ബിസിസിഐ നൽകുന്നത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന സെവാഗ് അടക്കമുളള താരങ്ങൾക്ക് കോർപ്പറേറ്റ് ഇവൻ്റുകളിൽ നിന്നും തന്നെ ഇത്രയും തുക ഇക്കാലയളവിൽ ലഭിക്കും. കൂടാതെ കമൻ്ററിയിലും ഐ പി എൽ ടീമുകൾക്കൊപ്പം പ്രവർത്തിക്കുന്നതിലൂടെയും കോടികൾ ഈ താരങ്ങൾക്ക് ലഭിക്കും. ചീഫ് സെലക്ടറായി കഴിഞ്ഞാൽ കമൻ്ററി ചെയ്യുവാനോ മറ്റു ക്രിക്കറ്റ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇടപെടുവാനോ സാധിക്കില്ല. ബിസിനസ് ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഉണ്ടാകും.

ശമ്പളം 5 കോടിയായി ഉയർത്തുന്നത് ബിസിസിഐയ്ക്ക് തലവേദനയുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ ബിസിസിഐ അതിന് മുതിരില്ലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഹുൽ ദ്രാവിഡ് കോച്ചായിരിക്കുന്ന സാഹചര്യത്തിൽ അതിന് പോന്ന ഒരു താരം തന്നെ ചീഫ് സെലക്ടറായി എത്തേണ്ടത് ഇന്ത്യൻ ടീമിന് അനിവാര്യമാണ്. വീരേന്ദർ സെവാഗ് ചീഫ് സെലക്ടറായേക്കാമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തന്നെ സമീപിച്ചിട്ടില്ലെന്നാണ് താരത്തിൻ്റെ പ്രതികരണം.

ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനൊപ്പം നിരവധി നിർണായക തീരുമാനങ്ങൾ എടുക്കേണ്ട വെല്ലുവിളി പുതിയ ചീഫ് സെലക്ടർക്കുണ്ട്.