Skip to content

ഇന്ത്യയ്ക്ക് ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ യു എസ് എയ്‌ക്കെതിരെ പടുകൂറ്റൻ വിജയവുമായി സിംബാബ്‌വെ. മത്സരത്തിലെ ഈ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മാത്രം സ്വന്തമായിരുന്ന റെക്കോർഡ് സിംബാബ്‌വെ സ്വന്തമാക്കി.

304 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് സിംബാബ്‌വെ നേടിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 409 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എസ് എയ്‌ക്ക് 25.1 ഓവറിൽ 104 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം 300 അധികം റൺസിന് ഒരു മത്സരത്തിൽ വിജയിക്കുന്നത്. ഈ വർഷം തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്കെതിരെ 317 റൺസിൻ്റെ വിജയം കുറിച്ച ഇന്ത്യയാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

101 പന്തിൽ 21 ഫോറും 5 സിക്സും ഉൾപ്പടെ 174 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്‌വെയ്ക്ക് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. ഏകദിനത്തിൽ ഇതാദ്യമായാണ് സിംബാബ്‌വെ 400 റൺസ് പിന്നിടുന്നത്.