Skip to content

ഇനി കളി അമേരിക്കയിൽ !! അമേരിക്കൻ ലീഗിൽ സൂപ്പർ കിങ്സിനായി കളിക്കാൻ അമ്പാട്ടി റായിഡു

ഉന്മുക്ത് ചന്ദിന് പുറകെ അമേരിക്കയുടെ പുതിയ ടി20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഈ ഐ പി എൽ ഫൈനലോടെയാണ് അമ്പാട്ടി റായിഡു ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഉടമസ്ഥതയിലുള്ള ടെക്സാസ് സൂപ്പർ കിങ്സിന് വേണ്ടിയാണ് ലീഗിൽ അമ്പാട്ടി റായിഡു കളിക്കുന്നത്. സ്റ്റീഫൻ ഫ്ലെമിംഗ് തന്നെയാണ് ടീമിൻ്റെ ഹെഡ് കോച്ച്. അമ്പാട്ടി റായുഡുവിനെ കൂടാതെ ഡെവൻ കോൺവെ, മിച്ചൽ സാൻ്റ്നർ എന്നിവർക്കൊപ്പം സൗത്താഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലറിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിംഗ് കോച്ചായ ഡ്വെയ്ൻ ബ്രാവോ പ്ലേയറായി ടീമിന് വേണ്ടി കളിക്കും. സൗത്താഫ്രിക്കൻ ലീഗിൽ ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ജേറാൾഡ് കോറ്റ്സിയെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ആറ് ടീമുകൾ മത്സരിക്കുന്ന ലീഗ് ജൂലൈ 14 മുതൽ ജൂലൈ 31 വരെയാണ് നടക്കുന്നത്. കെ കെ ആറിൻ്റെ ഉടമസ്ഥതയിലുള്ള ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസിൻ്റെ മൈ ന്യൂയോർക്ക്, സിയറ്റിൽ ഓർക്കാസ്, വാഷിങ്ടൺ ഫ്രീഡം, സാൻഫ്രാൻസിസ്കോ യൂണികോൺസ് എന്നിവയാണ് ലീഗിൽ മാറ്റുരയ്ക്കുന്ന മറ്റു ടീമുകൾ.