Skip to content

പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അവൻ പറഞ്ഞത് !! കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിൽ പുതിയ വെളിപ്പെടുത്തലുമായി നവീൻ ഉൾ ഹഖ്

ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിൽ പുതിയ വെളിപ്പെടുത്തലുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. മത്സരത്തിനിടയിലും അതിന് ശേഷവുമാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. മത്സരത്തിന് ഇക്കാര്യത്തിൽ ഗംഭീർ ഇടപെടുകയും കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു.

വഴക്കിന് തുടക്കമിട്ടത് കോഹ്ലിയാണെന്നും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മത്സരത്തിനിടയിലും ശേഷവും കോഹ്ലി പറഞ്ഞതെന്നും കോഹ്ലി തൻ്റെ കയ്യിൽ ബലമായി പിടിച്ചപ്പോൾ പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും നവീൻ പറഞ്ഞു. ആരാണ് കുറ്റക്കാരനെന്ന് മത്സരത്തിന് ശേഷം വിധിച്ച പിഴശിക്ഷയിൽ നിന്നും വ്യക്തമാണെന്നും നവീൻ ഉൾ ഹഖ് അടുത്തിടെ നടന്ന അഭിമുഖത്തിൽ തുറന്നടിച്ചു. മത്സരത്തിൽ കോഹ്ലിയ്ക്ക് മാച്ച് ഫീയുടെ 100 % പിഴയായി വിധിച്ചപ്പോൾ ഗംഭീറിനും നവീനും 50 % പിഴശിക്ഷയാണ് ഐ പി എൽ വിധിച്ചത്.

” മത്സരത്തിനിടയിലും ശേഷവും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പറയാൻ പാടില്ലായിരുന്നു. വഴക്ക് തുടങ്ങിയത് ഞാനല്ല. മത്സരശേഷം ഷേക്ക് ഹാൻഡ് നൽകിയപ്പോൾ അവനാണ് എല്ലാം തുടങ്ങിവെച്ചത്. പിഴശിക്ഷ നോക്കിയാൽ നിങ്ങൾക്ക് ആരാണ് തുടക്കമിട്ടതെന്ന് മനസ്സിലാകും. ”

” ഞാൻ പൊതുവെ ആരെയും സ്ലെഡ്ജ് ചെയ്യില്ല. ബാറ്റ്സ്ന്മാർക്കെതിരെ എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ അതവർ ബാറ്റ് ചെയ്യുമ്പോൾ മാത്രമേ പറയാറുള്ളൂ. മത്സരശേഷം ഞാൻ ഒരുവാക്ക് പോലും പറയാറില്ല. കളിക്കാർക്ക് ഞാൻ ആ സാഹചര്യത്തിൽ അങ്ങനെ പ്രതികരിച്ചുവെന്നറിയാം. എനിക്ക് എൻ്റെ നിയന്ത്രണം നഷ്ടപെട്ടിരുന്നില്ല. മത്സരശേഷം ഞാൻ ചെയ്തത് എല്ലാവരും കണ്ടിരിക്കുമല്ലോ ! ഷേക്ക് ഹാൻഡ്സ് നൽകുന്നതിനിടെ കോഹ്ലി ബലം പ്രയോഗിച്ച് എൻ്റെ കയ്യിൽ പിടിച്ചു. ഞാനും ഒരു മനുഷ്യനാണ്. സ്വാഭാവിക പ്രതികരണമാണ് എൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. ” നവീൻ ഉൾ ഹഖ് പറഞ്ഞു.