Skip to content

ബിസിസിഐ അത് പ്രതീക്ഷിച്ചില്ല ! അതിനെ കുറിച്ച് കോഹ്ലിയ്ക്ക് മാത്രമേ പറയാനാകൂ : സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് കാരണക്കാരൻ താനല്ലയെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്ന യാതൊരു പദ്ധതിയും തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും സൗരവ് ഗാംഗുലി തുറന്നുപറഞ്ഞു.

സൗത്താഫ്രിക്കൻ പര്യടനത്തിന് പിന്നാലെയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞത്. അതിന് മുൻപേ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ബിസിസിഐ മാറ്റിയിരുന്നു. ടി20 ക്യാപ്റ്റൻസി കോഹ്ലി സ്വയം ഒഴിഞ്ഞതിനാൽ ലിമിറ്റഡ് ഓവറിൽ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാറെ അനുവദിക്കാൻ സാധിക്കില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ പുറത്താക്കിയത്.

” വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിയുന്നതിന് ബിസിസിഐ തയ്യാറായിരുന്നില്ല. സൗത്താഫ്രിക്കൻ പര്യടനത്തിന് ശേഷമുള്ള കോഹ്ലിയുടെ ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടാണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്ന് കോഹ്ലിയ്ക്ക് മാത്രമേ പറയുവാൻ സാധിക്കൂ. പക്ഷേ ഇനി അതിനെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. അവൻ ഒഴിഞ്ഞതിനാൽ മറ്റൊരു ക്യാപ്റ്റനെ സെലക്‌ടർമാർക്ക് തേടേണ്ടിവന്നു. ആ സമയത്ത് മികച്ച ഓപ്ഷൻ രോഹിത് ശർമ്മയായിരുന്നു. ”

” കോഹ്ലി മികച്ച ക്യാപ്റ്റനായിരുന്നു. അവൻ്റെയും രവി ശാസ്ത്രിയുടെയും കീഴിൽ ഇന്ത്യ നന്നായി കളിച്ചു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പോലും അവർ ഭയമില്ലാതെ കളിച്ചു. ” സൗരവ് ഗാംഗുലി പറഞ്ഞു.