Skip to content

ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂപ്പർതാരം ! കളിക്കുന്നത് ബാബർ അസം അടക്കമുള്ളവരുള്ള ലീഗിൽ

ക്രിക്കറ്റ് കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങി മുൻ ഇന്ത്യൻ താരവും മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ സുരേഷ് റെയ്ന. ബാബർ അസം അടക്കമുള്ള താരങ്ങൾ കളിക്കുന്ന ലീഗിലാണ് റെയ്ന കളിക്കാനായി ഒരുങ്ങുന്നത്.

ലങ്കൻ പ്രീമിയർ ലീഗിലെ പ്രഥമ താരലേലത്തിൽ തൻ്റെ പേരും ചേർത്തിരിക്കുകയാണ് ചിന്നതല. ഇതാദ്യമായാണ് ലങ്കൻ പ്രീമിയർ ലീഗിൽ താരലേലം നടക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാന്മാരിൽ ഒരാളായ റെയ്ന 2008 മുതൽ 2021 വരെ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്. 205 മത്സരങ്ങളിൽ നിന്നും 5500 ലധികം റൺസ് റെയ്ന നേടിയിട്ടുണ്ട്. ഐ പി എൽ കരിയറിൽ 2016, 2017 സീസണിൽ ഗുജറാത്ത് ലയൺസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു സുരേഷ് റെയ്ന.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ ബാറ്റ്സ്മാൻ കൂടിയായ റെയ്ന കഴിഞ്ഞ വർഷത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐയുടെ പോളിസി പ്രകാരം ഐ പി എല്ലിൽ നിന്നും വിരമിച്ചാൽ മാത്രമേ മറ്റു ടി20 ലീഗുകളിൽ കളിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ മറ്റു ലിഗുകളിൽ ഇനി റെയ്നയ്ക്ക് സാന്നിധ്യം അറിയിക്കാം. അതിൽ ആദ്യ പടിയാണ് ലങ്കൻ പ്രീമിയർ ലീഗ്.

ലേലത്തിൽ കൊളംബോ സ്ട്രൈക്കേഴ്സ് താരത്തെ സ്വന്തമാക്കിയാൽ പാക് സൂപ്പർതാരം ബാബർ അസമുമായി റെയ്ന കളിക്കുന്ന കാഴ്ച്ചയ്ക്ക് ആരാധകർക്ക് സാക്ഷ്യം വഹിക്കാൻ. ബാബർ മാത്രമല്ല ഡേവിഡ് മില്ലർ, മാത്യൂ വേഡ്, ഫഖർ സമാൻ അടക്കമുള്ള സൂപ്പർതാരങ്ങളും ലീഗിൽ കളിക്കുന്നുണ്ട്.