Skip to content

ഞാൻ ഭയപെട്ടിട്ടുള്ള ഒരേയൊരു ബൗളർ അദ്ദേഹമാണ് : വീരേന്ദർ സെവാഗ്

ബൗളർ ഏതെന്നോ എതിരാളികൾ ഏതെന്നോ നോക്കാതെ ഏവരെയും പ്രഹരിക്കുന്ന ബാറ്റ്സ്മാനായിരുന്നു വീരേന്ദർ സെവാഗ്. ഇതിഹാസ താരങ്ങളെ പോലും വിറപ്പിച്ച ബൗളർമാർ സെവാഗിന് മുൻപിൽ മുട്ടുകുത്തിയിട്ടുണ്ട്. എന്നാൽ താൻ ഒരു ബൗളറെ ഭയപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു താൻ ഭയപെട്ടിരുന്ന ഒരേയൊരു ബൗളർ ആരെന്ന് സെവാഗ് വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ തന്നെ.

” പുറത്താക്കുമോയെന്ന് ഞാൻ ഭയപെട്ടിരുന്ന ഒരേയൊരു ബൗളർ മുത്തയ്യ മുരളീധരനായിരുന്നു. ഷെയ്ൻ വോൺ, ഷോയിബ് അക്തർ, ബ്രെയ്റ്റ് ലീ, മഗ്രാത്ത് ഇവരിൽ ആരെങ്കിലുമായിരിക്കുമെന്നാണ് ഏവരും കരുതിയിരിക്കുക. എന്നാൽ അവർക്കെതിരെ പുറത്താകുമോയെന്ന് ഞാൻ ഭയപെട്ടിട്ടില്ല. തീർച്ചയായും പന്ത് ദേഹത്തോ ഹെൽമറ്റിലോ കൊണ്ട് പരിക്കേൽക്കുമോയെന്ന് ഞാൻ ഭയന്നിട്ടുണ്ട്. മഗ്രാത്തിനെതിരെ ഞങ്ങൾക്ക് റൺസ് നേടാൻ സാധിക്കില്ല എന്നതുമാത്രമായിരുന്നു പ്രശ്നം ”

” പക്ഷേ മുരളീധരനെ എനിക്ക് ഭയമായിരുന്നു. പുറത്താകുമോ എന്ന ഭയം കാരണം അദ്ദേഹത്തിനെതിരെ എങ്ങനെ റൺസ് സ്കോർ ചെയ്യുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിൻ്റെ ദൂസ്രാ പിക്ക് ചെയ്യാൻ ഞാൻ പാടുപെട്ടിരുന്നു. ഒരു ഓഫ് സ്പിന്നറായ അവൻ ഇങ്ങനെ ബുദ്ധിമുട്ടിച്ചത് എൻ്റെ ഈഗോയെ വല്ലാതെ ബാധിച്ചിരുന്നു. ഒരുപാട് വർഷങ്ങൾക്കൊണ്ടാണ് മുരളീധരനെ എങ്ങനെ നേരിടണമെന്ന് ഞാൻ പഠിച്ചത്. ” വീരേന്ദർ സെവാഗ് പറഞ്ഞു.