Skip to content

ഇന്ത്യൻ ഹെഡ് കോച്ചാകാനുള്ള ഓഫർ എനിക്ക് ലഭിച്ചിരുന്നു. വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചാകാനുള്ള ഓഫർ തനിക്ക് ലഭിച്ചിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അനിൽ കുംബ്ലെയെയും വിരാട് കോഹ്ലിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് തനിക്കീ ഓഫർ ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയ സെവാഗ് താൻ കോച്ചാകാതിരുന്നതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

2016 ലായിരുന്നു ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി അനിൽ കുംബ്ലെ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ പിന്നീട് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017 ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം കുംബ്ലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നു.

” വിരാട് കോഹ്ലിയും ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയും എന്നെ സമീപിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഹെഡ് കോച്ചാകുവാൻ അപേക്ഷിക്കുകയില്ലായിരുന്നു. വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മിൽ ചേർന്നുപോകുന്നില്ലയെന്നും ഞാൻ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നും അനിൽ കുംബ്ലെയുടെ കരാർ അവസാനിച്ചതിന് ശേഷം വെസ്റ്റിൻഡീസിലേക്ക് ടീമിനൊപ്പം പോകാമെന്നും അവർ പറഞ്ഞു. “

” ഞാൻ അപ്പോൾ യെസ് എന്നോ നോ എന്നോ പറഞ്ഞില്ല. പക്ഷേ വെസ്റ്റിൻഡീസിലേക്ക് പോകണം എന്നുണ്ടെങ്കിൽ എനിക്ക് എൻ്റേതായ കോച്ചിങ് സ്റ്റാഫുകൾ വേണമെന്ന് ഞാൻ ആവശ്യപെട്ടു. സപ്പോർട്ട് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്ക് വേണമെന്ന് ഞാൻ ആവശ്യപെട്ടു. പക്ഷേ അതെനിക്ക് ലഭിച്ചില്ല. അതുകൊണ്ട് ഞാൻ ആ ഓഫർ വേണ്ടെന്ന് വെച്ചു. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.