Skip to content

ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി നേപ്പാൾ

സിംബാബ്‌വെയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി നേപ്പാൾ. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് രണ്ടിലെ അവസാന മത്സരത്തിൽ യു എ ഇയെ പരാജയപെടുത്തിയാണ് നേപ്പാൾ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി യോഗ്യത കുറിച്ചത്.

നമീബിയയെ പിന്നിലാക്കികൊണ്ടാണ് സ്കോട്ലൻഡ് ഒമാൻ എന്നീ രാജ്യങ്ങൾക്കൊപ്പം നേപ്പാൾ യോഗ്യത നേടിയത്. DLS നിയമപ്രകാരം 9 റൺസിനായിരുന്നു നേപ്പാളിൻ്റെ വിജയം. യു എ ഇ ഉയർത്തിയ 311 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന നേപ്പാൾ 44 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് നേടി നിൽക്കവേയാണ് വെളിച്ചകുറവിനെ തുടർന്ന് മത്സരം തടസ്സപെട്ടത്. പിന്നീട് DLS method പ്രകാരം വിജയിയെ നിശ്ചയിക്കുകയായിരുന്നു.

മത്സരത്തിലെ വിജയത്തോടെ ഐസിസിയുടെ ഏകദിന പദവിയും നേപ്പാൾ നിലനിർത്തി. പതിനായിരകണക്കിന് വരുന്ന കാണികളുടെ മുൻപിലായിരുന്നു മത്സരം നടന്നത്.

കഴിഞ്ഞ 12 ഏകദിന മത്സരങ്ങളിൽ പതിനൊന്നിലും വിജയിച്ചുകൊണ്ടാണ് ലോകകപ്പ് ക്വാളിഫയറിലേക്ക് നേപ്പാൾ യോഗ്യത നേടിയത്. 10 ടീമുകളാണ് ക്വാളിഫയറിൽ കളിക്കുക. ഇതിൽ മുൻപിലെത്തുന്ന രണ്ട് ടീമുകളായിരിക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ മറ്റു 8 ടീമുകൾക്കൊപ്പം കളിക്കുക.