Skip to content

സെഞ്ചുറി നേടി ജേസൺ റോയ്. എറിഞ്ഞുവീഴ്ത്തി ബൗളർമാർ. രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിലും വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. 132 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഇംഗ്ലണ്ട് കുറിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 327 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 44.4 ഓവറിൽ 194 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 69 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിന് വേണ്ടി സാം കറൻ, ആദിൽ റഷീദ് എന്നിവർ നാല് വിക്കറ്റുകൾ വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. 124 പന്തിൽ 18 ഫോറും ഒരു സിക്സും അടക്കം 132 റൺസ് ജേസൺ റോയ് അടിച്ചുകൂട്ടി. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 64 പന്തിൽ 76 റൺസും മോയിൻ അലി 35 പന്തിൽ 42 റൺസും സാം കറൻ 19 പന്തിൽ 33 റൺസും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. മാർച്ച് ആറിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.