Skip to content

ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരം നടന്ന ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി. ആദ്യ പന്ത് മുതൽ ടേൺ ചെയ്ത് തുടങ്ങിയ പിച്ച് മുൻ താരങ്ങളുടെ അടക്കം വിമർശനം ഏറ്റുവാങ്ങിയിരുന്നു. ആദ്യ രണ്ട് പിച്ചുകളെയും എതിർത്തത് മുൻ ഓസീസ് താരങ്ങൾ ആയിരുന്നുവെങ്കിലും ഇൻഡോർ പിച്ചിനെതിരെ മുൻ ഇന്ത്യൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു.

മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ മത്സരം അവസാനിച്ചിരുന്നു. ഇരുടീമിലെയും സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ ആദ്യ ദിനം തന്നെ 14 വിക്കറ്റുകൾ വീണിരുന്നു. മത്സരത്തിൽ 26 വിക്കറ്റുകളാണ് സ്പിന്നർമാർ നേടിയത്. ഇരു ടീമിലെയും ക്യാപ്റ്റന്മാരോടും ചർച്ച നടത്തിയ ശേഷമാണ് മാച്ച് റഫറി റിപ്പോർട്ട് സമർപ്പിച്ചത്. മോശം ക്വാളിറ്റി റിപ്പോർട്ട് കിട്ടിയതിനാൽ മൂന്ന് ഡീമെറിറ്റ് പോയിൻ്റ് ഇൻഡോർ പിച്ചിന് ലഭിക്കും.

ഇൻഡോറിലായിരുന്നില്ല തുടക്കത്തിൽ മത്സരം നിശ്ചയിച്ചിരുന്നത്. ധർമ്മശാലയിൽ ഷെഡ്യൂൾ ചെയ്തിരുന്ന മത്സരം മഞ്ഞുവീഴ്ചയതിനെ തുടർന്ന് ഔട്ട് ഫീൽഡ് നാശമായതിനെ തുടർന്നാണ് ഇൻഡോറിലേക്ക് മാറ്റിയത്. മത്സരത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഓസ്ട്രേലിയക്ക് മികച്ച തിരിച്ചുവരവ് നടത്തുവാൻ മത്സരത്തിൽ സാധിച്ചു. മാർച്ച് ഒമ്പതിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്.