Skip to content

എൻ്റെ സമയം കഴിഞ്ഞില്ലേ. ഇത് അവൻ്റെ ടീമാണ്. ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചോദ്യത്തിന് സ്മിത്തിൻ്റെ ശ്രദ്ധേയമായ മറുപടി

ഓസ്ട്രേലിയൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ശ്രദ്ധേയമായ മറുപടിയുമായി സ്റ്റീവ് സ്മിത്ത്. അമ്മയുടെ അസുഖത്തെ തുടർന്ന് കമ്മിൻസ് ഓസ്ട്രേലിയക്ക് മടങ്ങിയതോടെയാണ് സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയ ക്യാപ്റ്റനായി നിയമിച്ചത്. മികച്ച തീരുമാനങ്ങളിലൂടെ ആരാധകരുടെയും കമൻ്റേറ്റർമാരുടെയും പ്രശംസ ഏറ്റുവാങ്ങിയ സ്മിത്ത് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം നേടി കൊടുക്കുകയും ചെയ്തു.

മത്സരശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു ഫുൾ ടൈം ക്യാപ്റ്റനാകുന്നതിനെ കുറിച്ചുള്ള ചോദ്യം സ്മിത്തിന് മുൻപിലെത്തിയത്. എന്നാൽ ക്യാപ്റ്റനായുള്ള തൻ്റെ സമയം കഴിഞ്ഞുവെന്നായിരുന്നു സ്മിത്തിൻ്റെ മറുപടി.

” ക്യാപ്റ്റനായുള്ള എൻ്റെ സമയം കഴിഞ്ഞു. ഇത് കമ്മിൻസിൻ്റെ ടീമാണ്. ഞാൻ ക്യാപ്റ്റനാകുവാൻ ഇഷ്ടപെടുന്ന ഭാഗമാണ് ഇന്ത്യ. ഇവിടെ ഇതൊരു ചെസ് കളിയാണ്. ഓരോ പന്തും നിർണായകമാണ്. ബാറ്റർമാർ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടിവരുന്നു. ഒരുപക്ഷേ ലോകത്തിൽ ക്യാപ്റ്റനെന്ന നിലയിൽ എൻ്റെ പ്രിയപെട്ട സ്ഥലമാണിത്. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഡൽഹി ടെസ്റ്റിൽ വിജയിക്കാനുള്ള അവസരം ഓസ്ട്രേലിയക്ക് മുൻപിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ആ മത്സരം തങ്ങൾ നഷ്ടപെടുത്തികളഞ്ഞുവെന്നും മൂന്നാം മത്സരത്തിന് മുൻപായി ലഭിച്ച വലിയ ഇടവേള മികച്ച തയ്യാറെടുപ്പ് നടത്തുവാൻ സഹായിച്ചുവെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. മത്സരത്തിലെ വിജയത്തോടെ ഓസ്ട്രേലിയ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും യോഗ്യത നേടി.