Skip to content

നമീബിയക്ക് പിന്നാലെ സ്കോട്ലൻഡിനെയും തകർത്ത് നേപ്പാൾ. ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് നേപ്പാൾ. അസോസിയേറ്റ് രാജ്യങ്ങളിലെ ശക്തരായ സ്കോട്ലൻഡിനെയാണ് ഇന്ന് നടന്ന മത്സരത്തിൽ നേപ്പാൾ പരാജയപെടുത്തിയത്. ഇതോടെ ലോകകപ്പ് പ്രതീക്ഷകൾ നേപ്പാൾ നിലനിർത്തി.

മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം 47 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് നേപ്പാൾ വിജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 77 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു അവിശ്വസനീയ തിരിച്ചുവരവ് നേപ്പാൾ നടത്തിയത്.

വിജയത്തോടെ കണക്കുകളിലെങ്കിലും ഏകദിന ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ നേപ്പാൾ നിലനിർത്തി. ഇനി അവശേഷിക്കുന്ന പത്ത് മത്സരങ്ങളിൽ പത്തിലും വിജയിച്ചാൽ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിലേക്ക് യോഗ്യത നേടാൻ നേപ്പാളിന് സാധിക്കും. അത് മാത്രമല്ല ഇനി അവശേഷിക്കുന്ന ഈ 10 മത്സരങ്ങളിൽ ഏഴിലും വിജയിച്ചാൽ മാത്രമേ ഐസിസിയുടെ ഏകദിന സ്റ്റാറ്റസ് നിലനിർത്തുവാൻ നേപ്പാളിന് സാധിക്കൂ.

മത്സരത്തിൽ തോറ്റെങ്കിലും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള സ്കോട്ലൻഡ് ക്വാളിഫയറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ഏകദിന ലോകകപ്പിനുള്ള ക്വാളിഫയറിൽ 10 ടീമുകളാണ് കളിക്കുക. ഏകദിന സൂപ്പർ ലീഗിലെ അവസാന അഞ്ച് സ്ഥാനത്തുള്ള ഫുൾ മെമ്പർ ടീമുകൾക്കൊപ്പം അഞ്ച് അസോസിയേറ്റ് രാജ്യങ്ങളും ക്വാളിഫയറിൽ കളിക്കും.