Skip to content

എൽഗറിനെ തട്ടി സൗത്താഫ്രിക്ക. ടെസ്റ്റിൽ ഇനി പുതിയ ക്യാപ്റ്റൻ

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക. നിലവിലെ ക്യാപ്റ്റനായ ഡീൻ എൽഗാറിനെ മാറ്റിയ സൗത്താഫ്രിക്ക ലിമിറ്റഡ് ഓവർ ടീം നായകനായ ടെമ്പാ ബാവുമയെ ക്യാപ്റ്റനായി നിയമിച്ചു. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ മാറ്റം സൗത്താഫ്രിക്ക വരുത്തിയത്.

എന്നാൽ മൂന്ന് ഫോർമാറ്റിലും സൗത്താഫ്രിക്കയെ നയിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബാവുമ. ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചതോടെ ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാവുമ ഒഴിഞ്ഞു.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഡീൻ എൽഗറെ സൗത്താഫ്രിക്ക ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യയ്ക്കെതിരെ ഹോം സിരീസ് പരമ്പര അടക്കം തൻ്റെ ആദ്യ നാല് പരമ്പരകൾ ഡീൻ എൽഗർ വിജയിച്ചിരുന്നു. 17 ടെസ്റ്റ് മത്സരങ്ങളിൽ സൗത്താഫ്രിക്കയെ നയിച്ച താരം 9 മത്സരങ്ങളിൽ ടീമിന് വിജയം നേടികൊടുത്തിരുന്നു.

7 മത്സരങ്ങളിൽ പരാജയപെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയിൽ ദയനീയ പ്രകടനമായിരുന്നു എൽഗറിന് കീഴിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചത്. ഈ തോൽവിയോടെ സൗത്താഫ്രിക്കയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. ഈ തോൽവിയാണ് ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം നഷ്ടപെടുന്നതിലേക്ക് നയിച്ചിരിക്കുന്നത്.