Skip to content

ചരിത്ര നേട്ടത്തിൽ ഇമ്രാൻ ഖാനെയും കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. നാഗ്പൂരിൽ വെച്ചുനടന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെ വെളളംകുടിപ്പിച്ച ജഡേജ ഇക്കുറിയും പതിവ് മുടക്കിയില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ താരം ചരിത്ര റെക്കോർഡും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റുകൾ രവീന്ദ്ര ജഡേജ നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ രവീന്ദ്ര ജഡേജ പൂർത്തിയാക്കി. ടെസ്റ്റിൽ ഇതിനോടകം 2500 റൺസ് നേടിയിട്ടുള്ള ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 250 വിക്കറ്റും 2500 റൺസും നേടുന്ന രണ്ടാമത്തെ താരമായി മാറുകയും ചെയ്തു. വെറും 62 ടെസ്റ്റ് മത്സരങ്ങൾ കളിച്ചുകൊണ്ടാണ് ഈ റെക്കോർഡ് ജഡേജ സ്വന്തമാക്കിയത്.

സാക്ഷാൽ ഇമ്രാൻ ഖാൻ, കപിൽ ദേവ്, റിച്ചാർഡ് ഹാഡ്ലീ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ഈ നേട്ടത്തിൽ ജഡേജ രണ്ടാം സ്ഥാനത്തെത്തിയത്. ടെസ്റ്റിൽ 250 വിക്കറ്റും 2500 റൺസും പൂർത്തിയാക്കുവാൻ ഇമ്രാൻ ഖാന് 64 മത്സരവും കപിൽ ദേവിന് 65 മത്സരവും റിച്ചാർഡ് ഹാർഡ്ലീയ്ക്ക് 70 മത്സരവും വേണ്ടിവന്നിരുന്നു. വെറും 55 മത്സരങ്ങളിൽ നിന്നും 250 വിക്കറ്റും 2500 റൺസും നേടിയ ഇയാൻ ബോതം മാത്രമാണ് ജഡേജയ്ക്ക് മുൻപിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് നേടുന്ന എട്ടാത്തെ ബൗളറാണ് രവീന്ദ്ര ജഡേജ. അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ, സഹീർ ഖാൻ, കിഷൻ സിങ് ബേദി എന്നിവരാണ് ഇതിന് മുൻപ് 250 ലധികം വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ.