ചീഫ് സെലക്ടർ സ്ഥാനം രാജിവെച്ച് ചേതൻ ശർമ്മ

വിവാദമായ വെളിപ്പെടുത്തലുകൾക്ക് പുറകെ ഇന്ത്യൻ ടീമിൻ്റെ ചീഫ് സെലക്ടർ സ്ഥാനം രാജിവെച്ച് ചേതൻ ശർമ്മ. പ്രമുഖ മാധ്യമം നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് വിവാദ വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്.

ചേതൻ ശർമ്മയുടെ രാജി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചിട്ടുണ്ട്. ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. എന്നാൽ പുതിയ സെലക്ഷൻ കമ്മിറ്റിയുടെ തലവനായി ചേതൻ ശർമ്മയെ വീണ്ടും ബിസിസിഐ നിയമിക്കുകയായിരുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് ചേതൻ ശർമ്മ പുറത്തുവന്ന വീഡിയോയിൽ നടത്തിയത്. മാച്ച് ഫിറ്റ്നസ് നേടി ടീമിൽ നിന്നും സ്ഥാനം നഷ്ടപെടാതിരിക്കാൻ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞ ചേതൻ ശർമ്മ വിരാട് കോഹ്ലിയും ഗാംഗുലിയും തമ്മിലുണ്ടായിരുന്ന തർക്കത്തെ പറ്റിയും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി നഷ്ടപെടാനുണ്ടായ കാരണങ്ങളും വെളിപ്പെടുത്തിയിരുന്നു.