Skip to content

തിരിച്ചുവരവിനുള്ള അവസരം എനിക്ക് മുൻപിലുണ്ട്. ശിഖാർ ധവാൻ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള വാതിലുകൾ തൻ്റെ മുൻപിൽ പൂർണമായും അടഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാൻ. ഇനി ടീമിൽ തിരിച്ചെത്താൻ സാധിച്ചില്ലെങ്കിലും തനിക്ക് പരാതികൾ ഇല്ലെന്നും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ സാധിച്ചുവെന്നും അതിൽ താൻ സംതൃപ്തനാണെന്നും ധവാൻ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ടി20 ടീമിൽ നിന്നും നേരത്തെ തന്നെ പുറത്തായ ധവാൻ ഏകദിന ടീമിൽ മാത്രമാണ് തുടർന്നിരുന്നത്. താരത്തിൻ്റെ തുടർച്ചയായ മോശം പ്രകടനവും ഗിൽ, ഇഷാൻ കിഷൻ എന്നിവരുടെ മികച്ച പ്രകടനവുമാണ് താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.

” ഉയർച്ചകളും താഴ്‌ച്ചകളും ജീവിതത്തിൻ്റെ ഭാഗമാണ്. സമയവും എക്‌സ്പീരിയൻസും കൊണ്ട് നമ്മളതിനെ നേരിടാൻ പഠിക്കും. ഞാൻ ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞു. എൻ്റെ മികച്ചതിനേക്കാൾ നന്നായി മറ്റൊരാൾ ചെയ്യുന്നുവെങ്കിൽ അതിലെനിക്ക് കുഴപ്പമില്ല. അതുകൊണ്ടാണ് ആ വ്യക്തി അവിടെയുള്ളതും ഞാൻ ഇല്ലാത്തതും. ”

” എവിടെയായിരുന്നാലും ഞാൻ ഹാപ്പിയാണ്. സംതൃപ്തനുമാണ്. ഞാൻ എൻ്റെ ജോലികൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. തീർച്ചയായും മടങ്ങിവരാനുള്ള അവസരം എൻ്റെ മുൻപിലുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് നല്ലതാണ് അത് നടന്നില്ലയെങ്കിലും നല്ലത്. ഒരുപാട് നേട്ടങ്ങൾ എനിക്ക് നേടുവാൻ സാധിച്ചു. ഞാനചിൽ സന്തോഷവാനാണ്. എനിക്കൊരു നിരാശയുമില്ല. ” ധവാൻ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ധവാനുള്ളത്. ഈ സീസണിൽ പഞ്ചാബിൻ്റെ ക്യാപ്റ്റൻ കൂടിയാണ് ധവാൻ. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന പഞ്ചാബിൻ്റെ പ്രീ സീസൺ ക്യാമ്പിൽ ധവാൻ ജോയിൻ ചെയ്യും.