Skip to content

ഐസിസി റാങ്കിങ്. കമ്മിൻസിന് വെല്ലുവിളി ഉയർത്തി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ദീർഘനാൾ വെല്ലുവിളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്തുതുടർന്ന് കമ്മിൻസിന് ഇനി ഒന്നാം സ്ഥാനം നിലനിർത്തുകയെന്നത് എളുപ്പമാവില്ല.

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അശ്വിൻ ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി. 846 റേറ്റിങ് പോയിൻ്റാണ് നിലവിൽ രവിചന്ദ്രൻ അശ്വിനുള്ളത്. അശ്വിനേക്കാൾ 21 പോയിൻ്റ് മാത്രമാണ് കമ്മിൻസിന് കൂടുതലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഒരേയൊരു വിക്കറ്റ് നേടുവാൻ മാത്രമാണ് കമ്മിൻസിന് സാധിച്ചത്.

പരമ്പരയിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനം നിലനിർത്തുകയെന്നത് കമ്മിൻസിനെ സംബന്ധിച്ച് എളുപ്പമാവില്ല. ഇത് കൂടാതെ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ മികച്ച റാങ്കിങും അശ്വിന് മുതൽകൂട്ടാകും. ഇതിന് മുൻപ് 2017 ലാണ് ഐസിസി ടെസ്റ്റ് റാങ്കിങിൽ അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്.

നാഗ്പൂർ ടെസ്റ്റിൽ സെഞ്ചുറി നേടി തകർത്തടിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും റാങ്കിങിൽ നേട്ടമുണ്ടാക്കി. പത്താം സ്ഥാനത്തുനിന്നും എട്ടാം സ്ഥാനത്തെത്തുവാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. ആദ്യ ഇന്നിങ്സിൽ 84 റൺസ് നേടി തിളങ്ങിയ അക്ഷർ പട്ടേൽ ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തി. രവീന്ദ്ര ജഡേജയാണ് ടെസ്റ്റിലെ നമ്പർ വൺ ഓൾ റൗണ്ടർ.