ചേതൻ ശർമ്മ പുറത്താകുമോ. നിർണ്ണായക തീരുമാനം ജയ് ഷാ എടുക്കും

വിവാദ വെളിപ്പെടുത്തലുകൾക്ക് പുറകെ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മയ്ക്കെതിരെ നടപടി എടുക്കാനൊരുങ്ങി ബിസിസിഐ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് വിവാദ വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്.

കോഹ്ലിയും ഗാംഗുലിയും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ഇന്ത്യൻ ടീമിലെ ചില താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതുമായ ഗുരുതര വെളിപ്പെടുത്തലുകളാണ് പുറത്തുവന്ന വീഡിയോയിൽ ചേതൻ ശർമ്മ നടത്തിയത്. ഇന്ത്യൻ ടീമിൻ്റെ സെലക്ഷനെ പറ്റിയും ഹാർദിക്ക് പാണ്ഡ്യ അടക്കമുളള താരങ്ങൾ തന്നെ വ്യക്തിപരമായി വീട്ടിൽ വന്ന് കാണാറുള്ളതിനെ കുറിച്ചും ചേതൻ ശർമ്മ തുറന്നുപറഞ്ഞിരുന്നു.

ദൃശ്യങ്ങൾ വന്നതിൽ ഇതുവരെയും ബിസിസിഐയോ മറ്റു ഇന്ത്യൻ താരങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ചേതൻ ശർമ്മയ്ക്കെതിരെ ബിസിസിഐ ഉടനെ നടപടി സ്വീമരിക്കുമെന്നാണ് അടുത്ത ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

നേരത്തെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ ചേതൻ ശർമ്മ അടങ്ങുന്ന സെലക്ഷൻ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. എന്നാൽ പിന്നീട് അടുത്ത സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി ചേതൻ ശർമ്മയെ തന്നെ ബിസിസിഐ നിയമിക്കുകയായിരുന്നു. ഐസിസി ഏകദിന ലോകകപ്പ് അടക്കം വരാനിരിക്കെ ടീമിൽ തുടർച്ച നിലനിർത്തണമെന്ന കാരണം ചൂണ്ടികാട്ടിയായിരുന്നു ഇന്ത്യ ചേതൻ ശർമ്മയെ ചീഫ് സെലക്ടറായി നിയമിച്ചത്.