Skip to content

അവൻ ടീമിൽ നിന്നും ഏറെക്കുറെ പുറത്തായി. സഞ്ജുവിനെതിരെ ഇന്ത്യൻ ചീഫ് സെലക്ടറുടെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന

പ്രമുഖ ഇന്ത്യൻ മാധ്യമം നടതിയ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഇന്ത്യൻ ടീമിൻ്റെ പിന്നിൽ നടക്കുന്ന കാര്യങ്ങളിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ്മ നടത്തിയിരിക്കുന്നത്.

ടീമിൽ നിന്നും പുറത്താകുമോ എന്ന ഭയപാടിലാണ് താരങ്ങൾ ഉള്ളതെന്നും അതിനാൽ തന്നെ പൂർണമായും ഫിറ്റല്ലെങ്കിൽ ഫിറ്റ്നസ് തെളിയിക്കാൻ ഉത്തേജക മരുന്നുകൾ പല സീനിയർ താരങ്ങളും ഉപയോഗിക്കുന്നുവെന്നും ഡോപ് ടെസ്റ്റിൽ ഇത്തരം മരുന്നുകളുടെ ഉപയോഗം കണ്ടെത്താൻ സാധിക്കില്ലെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തി.

ബംഗ്ലാദേശിനെതിരായ ഇഷാൻ കിഷൻ്റെ ഡബിൾ സെഞ്ചുറി സഞ്ജു സാംസൺ, ശിഖാർ ധവാൻ, കെ എൽ രാഹുൽ എന്നീ താരങ്ങളുടെ കരിയർ തന്നെ അപകടത്തിലാക്കിയെന്നും ആ പ്രകടനം കാരണം ധവാൻ ടീമിൽ നിന്നും പുറത്തായെന്നും സഞ്ജു ഏറെക്കുറെ ടീമിൽ നിന്നും പുറത്തായെന്നും ചേതൻ ശർമ്മ പറഞ്ഞു. അതുകൊണ്ടാണ് ആരും തന്നെ തങ്ങളുടെ സ്ഥാനം മറ്റാർക്കും നൽകാത്തതെന്നും മറ്റൊരാൾ ടീമിലെത്തി മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിൽ പിന്നീട് തിരിച്ചെത്താൻ സാധിക്കുകയില്ലെന്ന് അവർക്ക് അറിയാമെന്നും ചേതൻ ശർമ്മ പറഞ്ഞു.

സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആരാധകർ തങ്ങളെ വെറുതെ വിടില്ലെന്നും വീഡിയോയിൽ പറഞ്ഞു. എന്തായാലും ഈ വിവാദ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമായേക്കും. പുറത്തുവരുന്ന വാർത്തകളോട് ചേതൻ ശർമ്മയോ ബിസിസിഐയോ മറ്റുതാരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.