Skip to content

ഐസിസി റാങ്കിങ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന അഭിമാന നേട്ട ഇന്ത്യ സ്വന്തമാക്കിയത്.

ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 115 പോയിൻ്റാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 111 റേറ്റിങ് പോയിൻ്റാണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡുമാണ് റാങ്കിങിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ളത്. ഐസിസി മൂന്ന് ഫോർമാറ്റിലും ഒരേ സമയം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ ടീമാണ് ഇന്ത്യ.

ഡൽഹിയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കൂ. ഇനി രണ്ട് മത്സരങ്ങൾ കൂടെ വിജയിച്ചാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ്മ, അക്ഷർ പട്ടേൽ എന്നിവരാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഒരു ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയം. ഫെബ്രുവരി 17 ന് ഡൽഹിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.