ഏഷ്യ കപ്പ് അവിടെ നടക്കണമെന്നാണ് എൻ്റെ ആഗ്രഹം : രവിചന്ദ്രൻ അശ്വിൻ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് വേദി നിർദ്ദേശിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമായിരിക്കെയാണ് രവിചന്ദ്രൻ അശ്വിൻ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കില്ലെന്ന് ഉറപ്പാണെന്നും ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്കരിക്കാനുള്ള സാധ്യതയില്ലെന്നും രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

” ഏഷ്യ കപ്പ് പാകിസ്ഥാനിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ പാകിസ്ഥാനിലാണ് നടക്കുന്നതെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ഞങ്ങൾ പങ്കെടുക്കണമെന്നുണ്ടെങ്കിൽ വേദി മാറ്റണം. ഇത് ഇതിന് മുൻപും നടന്നിരുന്നു. പക്ഷേ നമ്മൾ അങ്ങോട്ട് പോകില്ലെന്ന് പറഞ്ഞപ്പോൾ അവർ ലോകകപ്പിനായി ഇങ്ങോട്ട് വരില്ലെന്ന് പറയുന്നു. ”

” പക്ഷേ എന്തുതന്നെയായാലും അത് സംഭവിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റുമെന്നാകും അന്തിമതീരുമാനം. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇത് സുപ്രധാന തീരുമാനമാണ്. ദുബായിൽ ഇതിനോടകം ഒരുപാട് ടൂർണമെൻ്റുകൾ നടന്നുകഴിഞ്ഞു. ശ്രീലങ്കയിൽ നടക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. ” അശ്വിൻ കൂട്ടിച്ചേർത്തു.