Skip to content

അവർ ഏത് നരകത്തിലും പൊയ്ക്കോട്ടെ !! ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഇന്ത്യ ഏത് നരകത്തിലും പോയ്‌ക്കോട്ടെയെന്നും ഈ പ്രശ്നത്തിൽ ഐസിസി ഇടപെടണമെന്നും ഇങ്ങനെ വരാൻ വിസമ്മതിക്കുന്ന ടീമുകളെ വിലക്കണമെന്നും മിയാൻദാദ് തുറന്നടിച്ചു.

” ക്രിക്കറ്റ് കളിക്കുവാൻ പാകിസ്ഥാനിലേക്ക് വരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകാം. ” ഒരു പൊതുപരിപാടിയിൽ മിയാൻദാദ് പറഞ്ഞു.

” ഞാൻ എപ്പോഴും പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്. ഒരു പ്രശ്നം വരുമ്പോൾ ഞാൻ ഇന്ത്യയെ വിടില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നമ്മൾ ഇവിടെ നമ്മുടെ ഭാഗം നോക്കേണ്ടതുണ്ട്. അതിനായി നമുക്ക് പോരാടണം. ആതിഥേയർ ഞങ്ങളാണ്, മറിച്ചൊന്നും ഞങ്ങൾക്ക് ചിന്തിക്കേണ്ടതില്ല. ഇത് ഐസിസി ഇടപെടേണ്ട വിഷയമാണ്. ഐസിസിയ്ക്ക് ഇത് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ ഭരണസമിതിയെ കൊണ്ട് പ്രയോജമില്ല. ഓരോ ടീമിനും സമാനമായ നിയമങ്ങൾ വേണം. ഇതുപോലെ മറ്റൊരു രാജ്യത്തിലേക്ക് വരാൻ വിസമ്മതിക്കുന്ന ടീമുകളെ വിലക്കണം. ”

” എന്തുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ ഭയപെടുന്നത്. പാകിസ്ഥാനോട് തോറ്റാൽ പൊതുജനങ്ങൾ വെറുതെ വിടില്ലെന്ന് അവർക്കറിയാം. പാകിസ്ഥാനിൽ നിന്നും ഒളിച്ചോടുന്നത് ഇന്ത്യയുടെ ശീലമാണ്. ഞാൻ കളിക്കളത്തിലുള്ള സമയം മുതൽ എനിക്കതറിയാം. ഷാർജയിൽ ഞങ്ങൾ വിജയിക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യ അവിടെനിന്നും ഒളിച്ചോടി. ” മിയാൻ ദാദ് കൂട്ടിച്ചേർത്തു.

ഇന്ത്യയില്ലാതെ ഏഷ്യ കപ്പ് നടത്തുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും. നിലവിൽ കടക്കെണിയിൽ പെട്ട് ബുദ്ധിമുട്ടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അവസ്ഥ കൂടുതൽ രൂക്ഷമാകുവാനും സാധ്യതയുണ്ട്. ഇന്ത്യയില്ലെങ്കിൽ സ്പോൺസർമാരെ കണ്ടെത്തുകയെന്നത് ഒരിക്കലും എളുപ്പമാവില്ല.