Skip to content

എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ് എന്നിവരുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ.

14 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയായിരുന്നു തകർപ്പൻ സെഞ്ചുറി ജോസ് ബട്ട്ലർ നേടിയത്. 127 പന്തിൽ 6 ഫോറും 7 സിക്സും ഉൾപ്പടെ 131 റൺസ് നേടിയാണ് ബട്ട്ലർ മത്സരത്തിൽ പുറത്തായത്. ഏകദിന കരിയറിലെ ബട്ട്ലറിൻ്റെ പതിനൊന്നാം സെഞ്ചുറിയും അഞ്ചാമനായോ അതിൽ താഴെയോ പൊസിഷനിൽ ഇറങ്ങി ബട്ട്ലർ നേടുന്ന എട്ടാം സെഞ്ചുറി കൂടിയാണിത്.

ഇതോടെ ഏകദിന ക്രിക്കറ്റിൽ അഞ്ചാമനായോ അതിൽ താഴെയോ പൊസിഷനിൽ ഇറങ്ങി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബട്ട്ലർ സ്വന്തമാക്കി. ഏഴ് വീതം സെഞ്ചുറി നേടിയിട്ടുള്ള മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ് എന്നിവരെയാണ് തൻ്റെ സെഞ്ചുറിയോടെ ബട്ട്ലർ പിന്നിലാക്കിയത്.

മത്സരത്തിൽ ബട്ട്ലർക്കൊപ്പം സെഞ്ചുറി നേടികൊണ്ട് ഡേവിഡ് മലാനും ഇംഗ്ലണ്ടിനായി മികവ് പുലർത്തി. 114 പന്തിൽ 118 റൺസ് നേടിയാണ് ഡേവിഡ് മലാൻ പുറത്തായത്. ഇരുവരുടെയും മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് ഇംഗ്ലണ്ട് അടിച്ചുകൂട്ടി.