Skip to content

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം.

വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കം പുറത്താകാതെ 126 റൺസ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഗിൽ സ്വന്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 61 പന്തിൽ 122 റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ശുഭ്മാൻ ഗിൽ തകർത്തത്. ശ്രീലങ്കയ്ക്കെതിരെ 2017 ൽ 118 റൺസ് നേടിയ രോഹിത് ശർമ്മ, ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വർഷം 117 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 234 റൺസ് ഇന്ത്യ നേടി. 126 റൺസ് നേടിയ ഗില്ലിനൊപ്പം 22 പന്തിൽ 44 റൺസ് നേടിയ രാഹുൽ ത്രിപാതിയും 17 പന്തിൽ 30 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയും ഇന്ത്യയ്ക്കായി മികവ് പുലർത്തി. സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസ് നേടിയപ്പോൾ ഒരു റൺ മാത്രം നേടി പുറത്തായ ഇഷാൻ കിഷൻ വീണ്ടും നിരാശപെടുത്തി.