Skip to content

അക്കാര്യത്തിൽ അവനേക്കാൾ മികച്ച കളിക്കാരനെ ഞാൻ കണ്ടിട്ടില്ല ! സൂര്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 ക്രിക്കറ്ററായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്ത വേളയിൽ സംസാരിക്കവെയാണ് ഇന്ത്യൻ താരത്തെ പോണ്ടിങ് പ്രശംസിച്ചത്.

ഇന്നോവേഷൻ്റെയും വൈദഗ്ധ്യത്തിൻ്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ സൂര്യകുമാർ യാദവിനേക്കാൾ മികച്ച ഒരു കളിക്കാരനെ താൻ കണ്ടിട്ടില്ലയെന്നും ടി20 ക്രിക്കറ്റിൽ മറ്റുള്ളവർ അനുകരിക്കാൻ ശ്രമിക്കുന്ന പുതിയൊരു കഴിവ് തന്നെ സൂര്യകുമാർ യാദവ് കൊണ്ടുവന്നുവെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

ഇന്നോവേഷൻ, കഴിവ് എന്നിവയുടെ അടിസ്ഥാനത്തിൽ അവനേക്കാൾ മികച്ച കളിക്കാരനെ ഞാൻ കണ്ടിട്ടില്ല. അവൻ ഇപ്പോൾ ചെയ്യുന്നതെന്താണോ അത് അനുകരിക്കാൻ ഇനി പലരും ശ്രമിക്കും. അത് ടി20 ക്രിക്കറ്റിന് മറ്റൊരു തലം തന്നെ സമ്മാനിക്കും. 360 ഡിഗ്രി ഷോട്ടുകളുടെ കാര്യത്തിൽ മറ്റാരേക്കാളും നന്നായി അവൻ ചെയ്യുന്നു. വിക്കറ്റ് കീപ്പർക്ക് പിന്നിലൂടെയും ഫൈൻ ലെഗിന് മുകളിലൂടെയും അവൻ പായിക്കുന്ന ഷോട്ടുകൾ അവിശ്വസനീയമാണ് – റിക്കി പോണ്ടിങ് പറഞ്ഞു.

ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 45 മത്സരങ്ങളിൽ നിന്നും 46.41 ശരാശരിയിൽ 180.34 സ്ട്രൈക്ക് റേറ്റിൽ 1578 റൺസ് ഇതിനോടകം സൂര്യകുമാർ യാദവ് നേടികഴിഞ്ഞു. നിലവിൽ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവുള്ളത്.