Skip to content

സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

സച്ചിൻ ടെണ്ടുൽക്കർ – വിരാട് കോഹ്ലി എന്നിവരിൽ നിന്നും തൻ്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് ശുഭ്മാൻ ഗിൽ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ ചോദ്യത്തിന് ഗിൽ മറുപടി നൽകിയത്.

ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി അടക്കം നാല് സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും 360 റൺസ് ഗിൽ അടിച്ചുകൂട്ടിയിരുന്നു. സച്ചിനോ വിരാട് കോഹ്ലിയോ എന്ന ചോദ്യത്തിന് വിരാട് കോഹ്ലിയെന്നായിരുന്നു ഇന്ത്യൻ യുവതാരത്തിൻ്റെ മറുപടി. അതിന് പിന്നിലെ കാരണവും ശുഭ്മാൻ ഗിൽ തുറന്നുപറഞ്ഞു.

” ഞാൻ വിരാട് കോഹ്ലിയെന്ന് പറയും. ഞാൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയതിന് കാരണം സച്ചിൻ ടെണ്ടുൽക്കറാണ്. കാരണം എൻ്റെ അച്ഛൻ അദ്ധേഹത്തിൻ്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ ഞാൻ ക്രിക്കറ്റ് മനസ്സിലാക്കുന്ന പ്രായമല്ലായിരുന്നു. അതിന് ശേഷമാണ് ഞാൻ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിതുടങ്ങിയത്. വിരാട് കോഹ്ലിയെന്ന് പറയുവാൻ കാരണം ഞാൻ ഒരു ബാറ്ററെന്ന നിലയിൽ അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ” ശുഭ്മാൻ ഗിൽ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ 21 മത്സരങ്ങളിൽ നിന്നും 73.76 ശരാശരിയിൽ 4 സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഉൾപ്പടെ 1254 റൺസ് ഗിൽ നേടിയിട്ടുണ്ട്. തകർപ്പൻ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ ആറാം സ്ഥാനത്ത് എത്തുവാനും ഗില്ലിന് സാധിച്ചു.