Skip to content

ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിതന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സൂചന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുകയും ചെയ്തു.

കഴിഞ്ഞ വർഷം പരിക്കേറ്റ താരത്തിനെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ ഉൾപെടുത്തിയിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിൻവലിക്കുകയായിരുന്നു. പരിശീലനത്തിനിടെ ബുംറ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് ബിസിസിഐ താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ താരത്തെ ഉൾപെടുത്തിയിട്ടില്ല.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളിൽ ബുംറ കളിക്കണമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് തുറന്നുപറഞ്ഞ രോഹിത് ശർമ്മ പക്ഷേ ധൃതികാണിച്ച് ബുംറയെ തിരിച്ചെത്തിക്കില്ലെന്നും വ്യക്തമാക്കി. ബാക്ക് ഇഞ്ചുറികൾ അപകടകരമാണെന്നും അതിനാൽ തന്നെ ബുംറയുടെ കാര്യത്തിൽ ചാൻസ് എടുക്കുവാൻ തയ്യാറല്ലെന്നും ബുംറയ്ക്ക് ആവശ്യമായ അത്രയും സമയം മെഡിക്കൽ ടീം ഉറപ്പുവരുത്തുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായാൽ ഐ പി എല്ലിലൂടെയായിരിക്കും ബുംറ തിരിച്ചെത്തുക.