ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയിലെ അതിനിർണായക മത്സരത്തിൽ കേരളം പൊരുതുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ ഇനി ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയാൽ മാത്രമേ മുൻപോട്ട് പോകുവാൻ കേരളത്തിന് കഴിയൂ.

മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്. 91 പന്തിൽ 30 റൺസ് നേടിയ സച്ചിൻ ബേബിയും 24 റൺസ് നേടിയ സൽമാൻ നിർസാറുമാണ് കേരളത്തിന് വേണ്ടി ക്രീസിലുള്ളത്. പതിവ് കേരളത്തിൻ്റെ മുൻനിരയ്ക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.

നേരത്തെ ആദ്യ ഇന്നിങ്സിൽ 371 റൺസ് പോണ്ടിച്ചേരി നേടിയിരുന്നു. 159 റൺസ് നേടിയ ഡോഗ്രയാണ് പോണ്ടിച്ചേരിയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി സക്സേന അഞ്ച് വിക്കറ്റും ബേസിൽ തമ്പി, ക്യാപ്റ്റൻ സിജോമോൻ ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഗ്രൂപ്പ് സി പോയിൻറ് ടേബിളിൽ ആറ് മത്സരങ്ങളിൽ മൂന്ന് വിജയം നേടി 20 പോയിൻ്റോടെ മൂന്നാം സ്ഥാനത്താണ് കേരളമുള്ളത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടി മറ്റു മത്സരങ്ങളും ജാർഖണ്ഡും രാജസ്ഥാനും പരാജയപെട്ടാൽ മാത്രമേ കേരളത്തിന് മുൻപോട്ട് പോകുവാൻ സാധിക്കൂ.