ഇങ്ങനെ പറയാമോ !! ബ്രോഡ്കാസ്റ്ററുടെ പ്രവൃത്തിയിൽ പ്രകോപിതനായി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. എന്നാൽ മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്റർക്കെതിരെ തൻ്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

മൂന്ന് വർഷത്തിന് ശേഷമുളള ഏകദിന സെഞ്ചുറിയെന്ന ലേബലാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിതനാക്കിയത്. മൂന്ന് വർഷമെന്നത് വളരെ കൂടുതലായി തോന്നിക്കുമെന്നും ഇക്കാലയളവിൽ താൻ കളിച്ചത് പന്ത്രണ്ടോ പതിമൂന്നോ മത്സരങ്ങൾ മാത്രമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇതിന് മുൻപ് 2020 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെയാണ് രോഹിത് ശർമ്മ ഏകദിന സെഞ്ചുറി നേടിയത്. ഇക്കാര്യം കണക്കിലെടുത്താണ് മൂന്ന് വർഷത്തിന് ശേഷമുള്ള ഏകദിന സെഞ്ചുറിയെന്ന് ഏവരും വിശേഷിപ്പിച്ചത്.

” മൂന്ന് വർഷങ്ങൾക്ക് ശേഷമുളള ആദ്യ സെഞ്ചുറി, ഈ മൂന്ന് വർഷം ഞാൻ കളിച്ചത് 12 ഏകദിനം മാത്രമാണ്. മൂന്ന് വർഷമെന്നത് വളരെ കൂടുതലായി തോന്നും. നിങ്ങൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. ബ്രോഡ്കാസ്റ്ററും ഇത് കാണിച്ചത് ഞാൻ കണ്ടുm അവർ ശരിയായ വസ്തുതയാണ് കാണിക്കേണ്ടിയിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ ടി20 ക്രിക്കറ്റിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ” രോഹിത് ശർമ്മ പറഞ്ഞു.