Skip to content

സൂര്യയല്ലാതെ മറ്റാര് !! ഐസിസി അവാർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റർക്കുള്ള ഐസിസി അവാർഡ് ഇന്ത്യയുടെ സൂര്യകുമാർ യാദവിന്. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ, സിംബാബ്‌വെ ഓൾ റൗണ്ടർ സിക്കന്ദർ റാസ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ പിന്നിലാക്കികൊണ്ടാണ് ഐസിസി അവാർഡ് സൂര്യകുമാർ യാദവ് കരസ്ഥമാക്കിയത്.

ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷം 31 മത്സരങ്ങളിൽ നിന്നും 46.56 ശരാശരിയിൽ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആയിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം മാത്രം ഈ ഫോർമാറ്റിൽ 68 സിക്സുകളാണ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറിയും 9 ഫിഫ്റ്റിയും താരം കഴിഞ്ഞ വർഷം നേടിയിരുന്നു.

ഓസ്ട്രേലയയുടെ ടാലിയ മഗ്രാത്താണ് മികച്ച വനിതാ ടി20 ക്രിക്കറ്റർക്കുള്ള ഐസിസി അവാർഡ് നേടിയത്. ഓസ്ട്രേലിയക്കായി കഴിഞ്ഞ വർഷം 16 മത്സരങ്ങളിൽ നിന്നും 435 റൺസും 13 വിക്കറ്റും താരം നേടിയിരുന്നു.