Skip to content

കഴിഞ്ഞ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ ടീമിൽ

കഴിഞ്ഞ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ തിരഞ്ഞെടുത്തുകൊണ്ടാണ് ഐസിസി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലെത്തിച്ച ജോസ് ബട്ട്ലറെയാണ് ടീമിൻ്റെ ക്യാപ്റ്റനായി ഐസിസി തിരഞ്ഞെടുത്തത്.

വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഹാർദിക്ക് പാണ്ഡ്യയും ഉൾപ്പടെ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇക്കുറി ടീമിൽ ഇടം പിടിച്ചു. മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ നേരിട്ടിരുന്ന കോഹ്ലി തകർപ്പൻ തിരിച്ചുവരവാണ് കഴിഞ്ഞ വർഷം നടത്തിയത്. ഏഷ്യ കപ്പിൽ അഞ്ച് ഇന്നിങ്സിൽ നിന്നും 276 റൺസ് നേടിയ കോഹ്ലി ഐസിസി ടി20 ലോകകപ്പിൽ 296 റൺസ് അടിച്ചുകൂട്ടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയായിരുന്നു വിരാട് കോഹ്ലി.

മറുഭാഗത്ത് കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തൻ്റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം സൂര്യകുമാർ യാദവ് ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ട് സെഞ്ചുറിയും 9 ഫിഫ്റ്റിയും ഉൾപ്പടെ 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 1164 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി20 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും പ്രകടനത്തോടെ സൂര്യകുമാർ യാദവ് സ്വന്തം പേരിൽ കുറിച്ചിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ തൻ്റെ തിരിച്ചുവരവ് അറിയിച്ച ഹാർദിക്ക് പാണ്ഡ്യ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി 607 റൺസും 20 വിക്കറ്റും നേടിയിരുന്നു.

2022 T20I ടീം ഓഫ് ദി ഇയർ

ജോസ് ബട്ട്ലർ (c/wk), മൊഹമ്മദ് റിസ്വാൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്പ്സ്, സിക്കന്ദർ റാസ, ഹാർദിക്ക് പാണ്ഡ്യ, സാം കറൺ, വാനിഡു ഹസരങ്ക, ഹാരിസ് റൗഫ്, ജോഷ് ലിറ്റിൽ