Skip to content

സച്ചിനോ കോഹ്ലിയോ ആരാണ് മികച്ച ബാറ്റ്സ്മാൻ, മറുപടി നൽകി കപിൽ ദേവ്

സച്ചിൻ ടെണ്ടുൽക്കറോ അതോ വിരാട് കോഹ്ലിയോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യയുടെ ഇതിഹാസ നായകൻ കപിൽ ദേവ്. വിരാട് കോഹ്ലി വീണ്ടും സെഞ്ചുറികൾ നേടിതുടങ്ങിയതോടെയാണ് വീണ്ടും സച്ചിൻ കോഹ്ലി ചർച്ച ക്രിക്കറ്റ് ആരാധകർക്കിടയിൽ വീണ്ടും സജീവമായത്.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന ചോദ്യത്തിന് കപിൽ ദേവ് മറുപടി നൽകിയത്. തനിക്ക് ഇഷ്ടപ്പെട്ട താരം ഉണ്ടാകുമെങ്കിലും ഓരോ തലമുറകൾ മാറുമ്പോഴും ബാറ്റ്സ്മാന്മാർ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

” അത്തരത്തിലുള്ള കളിക്കാരൻ അതിൽ നിന്നും ഒന്നോ രണ്ടോ പേരെ മാത്രം തിരഞ്ഞെടുക്കാൻ കഴിയില്ല. എനിക്ക് എൻ്റേതായ ഇഷ്ടവും അനിഷ്ടവും ഉണ്ടാകാം. പക്ഷേ ഓരോ തലമുറയും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കാലഘട്ടത്തിൽ സുനിൽ ഗവാസ്കറായിരുന്നു ഏറ്റവും മികച്ച ബാറ്റ്സമാൻ. അതിന് ശേഷം സച്ചിനെയും രാഹുൽ ദ്രാവിഡിനെയും വീരേന്ദർ സെവാഗിനെയും നമ്മൾ കണ്ടു. ഇപ്പോൾ ഈ കാലഘട്ടത്തിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും, ഇവർക്ക് ശേഷമുള്ള അടുത്ത കാലഘട്ടം ഇതിലും മികച്ചവരായിരിക്കും. മികച്ച ക്രിക്കറ്റ് താരങ്ങളെ ഇനി കാണുകയും അവർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്യും. ” കപിൽ ദേവ് പറഞ്ഞു.

ഇനി നാല് സെഞ്ചുറി കൂടെ നേടിയാൽ സച്ചിനെ പിന്നിലാക്കികൊണ്ട് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം.