Skip to content

ഐസിസി ടി20 ടീം ഓഫ് ദി ഇയർ, വമ്പന്മാർക്കൊപ്പം ഇടംപിടിച്ച് റാസയും ജോഷ് ലിറ്റിലും

ആരാധർക്കിടയിൽ നടത്തിയ വോട്ടെടുപ്പിന് ശേഷം കഴിഞ്ഞ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചുതുടങ്ങിയിരിക്കുകയാണ് ഐസിസി. ആദ്യമായി കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ടി20 ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നും സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഉൾപ്പടെ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചപ്പോൾ മറ്റു വമ്പൻ താരങ്ങൾക്കൊപ്പം ഇതിൽ ശ്രദ്ധേയത് മറ്റു രണ്ട് പേരുകളാണ്.

ലോക ക്രിക്കറ്റിലെ വമ്പൻ താരങ്ങൾക്കൊപ്പം ഇക്കുറി ടീമിൽ സിംബാബ്‌വെ ഓൾ റൗണ്ടർ സിക്കന്ദർ റാസയും അയർലൻഡ് പേസർ ജോഷ് ലിറ്റിലും ഇടംപിടിച്ചു. ഐസിസി ടി20 ലോകകപ്പിലും മറ്റു പരമ്പരകളിലും തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. റാസ സിംബാബ്‌വെയ്ക്കായി 735 റൺസും 25 വിക്കറ്റും നേടിയിരുന്നു. ലോകകപ്പിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റാസ പാകിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങി സിംബാബ്‌വെയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.

മറുഭാഗത്ത് ഗംഭീര പ്രകടനമാണ് അയർലൻഡിന് വേണ്ടി ജോഷ് ലിറ്റിൽ കാഴ്ച്ചവെച്ചത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിരുന്നു ജോഷ് ലിറ്റിൽ. 39 വിക്കറ്റുകൾ കഴിഞ്ഞ വർഷം താരം വീഴ്ത്തി. ഇതിൽ പതിനൊന്ന് വിക്കറ്റും ഐസിസി ടി20 ലോകകപ്പിലായിരുന്നു ലിറ്റിൽ നേടിയത്.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ താരത്തിൻ്റെ ഓപ്പണിങ് സ്പെല്ലാണ് DLS നിയമപ്രകാരം അയർലൻഡിന് വിജയം ലഭിക്കുന്നതിൽ നിർണായകമായത്.

ജോസ് ബട്ട്‌ലർ (c/wk), മുഹമ്മദ് റിസ്വാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്പ്‌സ്, സിക്കന്ദർ റാസ, ഹാർദിക്ക് പാണ്ഡ്യ, സാം കറൺ, വാനിഡു ഹസരങ്ക, ഹാരിസ് റൗഫ്, ജോഷ് ലിറ്റിൽ