Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ പ്രകടനത്തോടെ ചരിത്ര റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയിരിക്കുകയാണ് കിങ് കോഹ്ലി.

പരമ്പരയിൽ രണ്ട് സെഞ്ചുറി ഉൾപ്പടെ 3 ഇന്നിങ്സിൽ നിന്നും 141.50 ശരാശരിയിൽ 283 റൺസ് കോഹ്ലി നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി സിരീസ് അവാർഡും കോഹ്ലി നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടുന്ന താരമെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വിരാട് കോഹ്ലിയെത്തി.

20 തവണയാണ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും പ്ലേയർ ഓഫ് ദി സിരീസ് നേടിയിട്ടുള്ളത്. 183 സിരീസുകൾ കളിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ 20 തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡുകൾ നേടിയത്. മറുഭാഗത്ത് സച്ചിനൊപ്പമെത്താൻ 148 സിരീസുകൾ മാത്രമാണ് കോഹ്ലിയ്ക്ക് വേണ്ടിവന്നത്.

മൂന്നാം മത്സരത്തിൽ 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 166 റൺസ് കിങ് കോഹ്ലി നേടിയിരുന്നു. ഏകദിന കരിയറിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്.