Skip to content

പാകിസ്ഥാൻ സൂപ്പർ ലീഗിനെയും കടത്തിവെട്ടി വനിതാ ഐ പി എൽ

പ്രഥമ വനിതാ ഐ പി എല്ലിനുള്ള മീഡിയ റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റഴിച്ച് ബിസിസിഐ. റിലയൻസിൻ്റെ പിന്തുണയുള്ള വയാകോമാണ് സ്റ്റാർ സ്പോർട്സിനെയും സോണി സീയെയും പിന്നിലാക്കികൊണ്ട് മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത്. ടെലിവിഷനിൽ സ്പോർട്ട്സ് 18 നും ഡിജിറ്റലായി ജിയോ സിനിമയിലുമായിരിക്കും വനിതാ ഐ പി എല്ലും കാണുവാൻ സാധിക്കുക.

951 കോടി രൂപയ്ക്കാണ് അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വയോകോം സ്വന്തമാക്കിയിരിക്കുന്നത്. 7.09 കോടിയാണ് ഒരു മത്സരത്തിൻ്റെ വാല്യൂ. ഐ പി എല്ലിനേക്കാൾ വളരെ കുറവാണെങ്കിലും മറ്റു ലീഗുകളെ പോലും വനിതാ ഐ പി എൽ പിന്നിലാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിൻ്റെ മീഡിയ റൈറ്റ്സ് വാല്യൂ 2 കോടി മാത്രമാണ്.

ലീഗിലെ ടീമുകളുടെ ലേലം ഈ മാസം അവസാനമാണ് നടക്കാനിരിക്കുന്നത്. മീഡിയ റൈറ്റ്സിലെ ഈ വമ്പൻ തുക ടീമുകളുടെ ലേലം കൂടുതൽ ആവേശകരമാക്കും. ആദ്യ സീസണുകളിൽ വരുമാനത്തിൽ 80 ശതമാനവും ടീമുകൾക്ക് തന്നെ നൽകുമെന്ന് ബിസിസിഐ ഉറപ്പുനൽകിയിട്ടുണ്ട്. ഇതോടെ ഓരോ മത്സരത്തിലും മീഡിയ റൈറ്റ്സിൽ നിന്നുമാത്രം 5 കോടി ടീമുകൾക്ക് ലഭിക്കും. ഐ പി എല്ലിലെ 10 ടീമുകളിൽ എട്ട് ടീമുകളും വനിതാ ഐ പി എല്ലിലും ടീമിനെ വാങ്ങുവാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഐ പി എൽ ടീമുകൾക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസർ ഫാമിലിയും ടീമുകൾക്കായി രംഗത്തുണ്ട്. എന്നാൽ ലേല തുക പരിഗണിക്കാതെ ആദ്യ പരിഗണന നിലവിലെ ഐ പി എൽ ടീമുകൾക്കായിരിക്കും ബിസിസിഐ നൽകുക.