Skip to content

കേരള മണ്ണിൽ ഇന്ത്യ കുറിച്ചത് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ചുകൊണ്ട് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ കൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.

മത്സരത്തിൽ 317 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 391 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 22 ഓവറിൽ 73 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. 2008 ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസിൻ്റെ വിജയമായിരുന്നു ഇതിന് മുൻപ് ഏകദിനത്തിലെ ഏറ്റവും വലിയ വിജയം.

പത്തോവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ ചുരുക്കികെട്ടിയത്. മൊഹമ്മദ് ഷാമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയാകട്ടെ 110 പന്തിൽ 166 റൺസ് നേടിയ കിങ് കോഹ്ലി, 97 പന്തിൽ 116 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരുടെ മികവിലാണ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി.