കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് അടിച്ചുകൂട്ടി.

മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ഗില്ലും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 95 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 49 പന്തിൽ 42 റൺസ് നേടി പുറത്തായപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ 97 പന്തിൽ 14 ഫോറും 2 സിക്സും ഉൾപ്പടെ 116 റൺസ് അടിച്ചുകൂട്ടി.

രോഹിത് ശർമ്മ പുറത്തായ കോഹ്ലി അനായസേന റൺസ് നേടിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ 46 ആം സെഞ്ചുറി നേടിയ കോഹ്ലി 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 166 റൺസ് അടിച്ചുകൂട്ടി. 2018 ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ആഭ്യന്തര ക്രിക്കറ്റിലായാലും ഇതിലും ഉയർന്ന സ്കോർ ഗ്രീൻഫീൽഡിൽ മറ്റാരും നേടിയിട്ടുള്ള. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.