Skip to content

ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർത്താടി കിങ് കോഹ്ലി. സെഞ്ചുറി നേടി തകർത്തടിച്ച കോഹ്ലിയുടെ മികവിൽ കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചു.

85 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 166 റൺസ് വിരാട് കോഹ്ലി നേടി. ഏകദിന ക്രിക്കറ്റിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലി 150 റൺസ് നേടുന്നത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്. പാകിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഏകദിനത്തിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

എട്ട് സിക്സുകളാണ് മത്സരത്തിൽ കിങ് കോഹ്ലി അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ കോഹ്ലി ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്നിങ്സ് കൂടിയാണിത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് കോഹ്ലി കുറിച്ചത്.

മത്സരത്തിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. മത്സരത്തിൽ കോഹ്ലിയ്ക്കൊപ്പം 97 പന്തിൽ 14 ഫോറും 2 സിക്സും ഉൾപ്പടെ 116 റൺസ് നേടിയ ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി മികവ് പുലർത്തി.