Skip to content

രോഹിത് ശർമ്മ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാൻ : ഗൗതം ഗംഭീർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് മുൻപായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഈ നിരീക്ഷണം ഗംഭീർ പങ്കുവെച്ചത്.

നിലവിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, റിക്കി പോണ്ടിങ് എന്നിവർക്ക് പുറകിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്. ഇതുവരെ 29 സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സെഞ്ചുറി കൂടെ നേടിയാൽ 30 സെഞ്ചുറി നേടിയിട്ടുള്ള റിക്കി പോണ്ടിങിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുവാൻ സാധിക്കും.

” അതിശയിപ്പിക്കുന്ന വസ്തുത എന്തെന്നാൽ കഴിഞ്ഞ നാലോ അഞ്ചോ വർഷം കൊണ്ടാണ് ഇത്രയും സെഞ്ചുറികൾ രോഹിത് ശർമ്മ നേടിയത്. അതിന് മുൻപ് അവൻ ഇത്രയും സ്ഥിരത പുലർത്തിയിരുന്നില്ല. കഴിഞ്ഞ അഞ്ചോ ആറോ വർഷം കൊണ്ട് ഇരുപതിലധികം സെഞ്ചുറികൾ അവൻ നേടി. ”

” അവൻ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാനാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പോണ്ടിങിൻ്റെ റെക്കോർഡ് വളരെ മോശമാണ്. ” സ്റ്റാർ സ്പോർട്സിൽ ഗൗതം ഗംഭീർ.

കഴിഞ്ഞ മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടിയ ശേഷം സച്ചിനുമായി കോഹ്ലിയെ താരതമ്യം ചെയ്യുന്നതിനെതിരെ ഗംഭീർ വിമർശനം ഉന്നയിച്ചിരുന്നു. രണ്ട് കാലഘട്ടത്തിലെ കളിക്കാരെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഗംഭീറിൻ്റെ അഭിപ്രായം.