Skip to content

രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ പിടിമുറുക്കി കേരളം. രണ്ടാം ഇന്നിങ്സിലും സച്ചിൻ ബേബി മികവ് പുലർത്തിയതോടെ സർവീസിന് മുൻപിൽ മികച്ച വിജയലക്ഷ്യം കേരളം ഉയർത്തി.

ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് നേടിയ കേരളം മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് സർവീസസിന് മുൻപിൽ 341 റൺസിൻ്റെ മികച്ച വിജയലക്ഷ്യം ഉയർത്തിയത്.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സച്ചിൻ ബേബി തന്നെയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് വേണ്ടി തിളങ്ങിയത്. 109 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പടെ 93 റൺസ് നേടി ഏകദിന ശൈലിയിലാണ് സച്ചിൻ ബേബി ബാറ്റ് വീശിയത്. വത്സൽ ഗോവിന്ദ് 48 റൺസും സൽമാൻ നിസാർ 40 റൺസും കേരളത്തിന് വേണ്ടി നേടി.

നേരത്തെ കേരളത്തിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സർവീസസിനെ 229 റൺസിൽ ഒതുക്കി നിർണായകമായ ഒന്നാമിന്നിങ്സ് ലീഡ് കേരളം നേടിയിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജലജ് സക്സേനയും ക്യാപ്റ്റൻ സിജോമോൻ ജോസഫുമാണ് കേരളത്തിന് വേണ്ടി മികവ് പുലർത്തിയത്. വൈശാഖ് ചന്ദ്രൻ, നിധീഷ് എം ഡി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്നടിഞ്ഞ കേരളത്തിനെ സച്ചിൻ ബേബി തന്നെയാണ് രക്ഷിച്ചത്. 19 റൺസിന് 4 വിക്കറ്റ് നഷ്ടപെട്ട കേരളത്തിനായി 308 പന്തിൽ 159 റൺസ് സച്ചിൻ ബേബി നേടിയിരുന്നു. താരത്തിൻ്റെ സെഞ്ചുറി മികവിൽ 327 റൺസ് കേരളം നേടി.