Skip to content

സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തൻ്റെ റോൾ മോഡൽമാരിൽ ഒരാളായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട്. യു എ ഇയുടെ പുതിയ ലീഗിനായി തയ്യാറെടുക്കുന്നതിനിടെ നടന്ന അഭിമുഖത്തിലായിരുന്നു സച്ചിനിൽ നിന്നും പ്രചോദനമേകിയ കാര്യങ്ങൾ ജോ റൂട്ട് വെളിപ്പെടുത്തിയത്.

” നിലവിൽ ഒരുപാട് കളിക്കാർ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. പക്ഷേ സച്ചിൻ നേടിയത് എന്താണെന്ന് നോക്കൂ. നീണ്ട കാലം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. അത്രയും ചെറുപ്പത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനുള്ള കഴിവ്, തുടർന്ന് അത് നിലനിർത്തികൊണ്ട് തന്നെ മുൻപോട്ട് പോകുവാനും അദ്ദേഹത്തിന് സാധിച്ചു. ”

” 20 വർഷത്തിലേറെ അദ്ദേഹം സമ്മർദ്ദത്തിൻ്റെ ഭാരം സ്വന്തം ചുമലിൽ വഹിച്ചു. ഞാൻ ജനിക്കുന്നതിന് മുൻപേ അദ്ദേഹം അരങ്ങേറ്റം നടത്തി. പിന്നീട് എൻ്റെ അരങ്ങേറ്റ മത്സരത്തിലും അദ്ദേഹം കളിച്ചു. അദ്ദേഹം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിനും ഒരുപാട് സംഭാവനകൾ നൽകി.” ജോ റൂട്ട് പറഞ്ഞു.

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിലൂടെ കുട്ടി ക്രിക്കറ്റിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോ റൂട്ട്. ദുബായ് ക്യാപിറ്റൽസിന് വേണ്ടിയാണ് ലീഗിൽ താരം കളിക്കുന്നത്. ഐ പി എൽ ലേലത്തിൽ രാജസ്ഥാൻ റോയൽസും താരത്തെ സ്വന്തമാക്കിയിട്ടുണ്ട്.