നിയമങ്ങൾ മാറിയില്ലേ, കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാലും കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ലെന്ന് ഗംഭീർ തുറന്നുപറഞ്ഞത്.

” സത്യസന്ധമായി പറഞ്ഞാൽ ഇത് റെക്കോർഡിനെ സംബന്ധിച്ചല്ല. ഏകദിന ഫോർമാറ്റിൽ സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ കൂടുതൽ സെഞ്ചുറികൾ വിരാട് കോഹ്ലി നേടും. പക്ഷെ രണ്ട് കാലഘട്ടത്തിലെ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യരുത്. നിയമങ്ങൾ മാറിയിരിക്കുന്നു. ഒരു ന്യൂ ബോൾ മാത്രമുള്ള പഴയ കാലഘട്ടത്തെ രണ്ട് ന്യൂ ബോളും 30 യാർഡ് സർക്കിളിൽ അഞ്ച് ഫീൽഡർമാരുമുള്ള ഇപ്പോഴത്തെ കാലഘട്ടവുമായി താരതമ്യം ചെയ്യരുത്. ”

” പക്ഷേ കോഹ്ലി ഈ ഫോർമാറ്റിൽ ഒരു മാസ്റ്റർ തന്നെയാണ്. അതവൻ ഇത്രയും കാലം കൊണ്ട് നമുക്ക് കാണിച്ചുതന്നു. ” ഗൗതം ഗംഭീർ പറഞ്ഞു.

2011 ലായിരുന്നു രണ്ട് ന്യൂ ബോൾ എന്ന പുതിയ നിയമം ഐസിസി കൊണ്ടുവന്നത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ റൺസ് സ്കോറിങ് കൂടുതൽ എളുപ്പമായിട്ടുണ്ട്. കൂടാതെ ഫീൽഡിങ് നിയന്ത്രണങ്ങളും നിലവിൽ ബാറ്റ്സ്മാന്മാർക്ക് കൂടുതൽ അനുകൂലമാണ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ആക്ടീവ് താരങ്ങളെ നോക്കിയാൽ മറ്റുള്ളവരേക്കാൾ ബഹുദൂരം മുൻപിലാണ് കിങ് കോഹ്ലിയുള്ളത്. ഇതിനോടകം 541 ഇന്നിങ്സിൽ നിന്നും 73 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്.

422 ഇന്നിങ്സിൽ നിന്നും 45 സെഞ്ചുറി നേടിയ ഡേവിഡ് വാർണർ, 410 ഇന്നിങ്സിൽ നിന്നും 44 സെഞ്ചുറി നേടിയ ജോ റൂട്ട്, 337 ഇന്നിങ്സിൽ നിന്നും 42 സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, 446 ഇന്നിങ്സിൽ നിന്നും 41 സെഞ്ചുറി നേടിയ രോഹിത് ശർമ്മ എന്നിവരാണ് കോഹ്ലിയ്ക്ക് പിന്നിലുള്ളത്.