സെഞ്ചുറി നേടി ഷണക, റൺമല മറികടക്കാനാകാതെ കീഴടങ്ങി ശ്രീലങ്ക, ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ റൺസിൻ്റെ 67 വിജയമാണ് ഇന്ത്യ നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ദാസുൻ ഷണകയാണ് ഇന്ത്യയുടെ വിജയം വൈകിപ്പിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 374 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടനെ സാധിച്ചുള്ളൂ. 206 റൺസിന് എട്ട് വിക്കറ്റുകൾ നേടിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴ്ത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ ദാസുൻ ഷണകയും 80 പന്തിൽ 72 റൺസ് നേടിയ പാതും നിസങ്കയും 40 പന്തിൽ 47 റൺസ് നേടിയ ദനഞ്ജയ ഡി സിൽവയുമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 143 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ശുഭ്മാൻ ഗിൽ 60 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 67 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 83 റൺസ് നേടി പുറത്തായി.

പിന്നീട് ക്രീസിലെത്തിയ കോഹ്ലി സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുറിച്ചത്. 80 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 87 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പടെ 113 റൺസ് അടിച്ചുകൂട്ടി. ഏകദിന കരിയറിലെ തൻ്റെ 45 ആം സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂടിയാണിത്. ശ്രേയസ് അയ്യർ 28 റൺസും കെ എൽ രാഹുൽ 39 റൺസും നേടി പുറത്തായി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. മറ്റന്നാൾ കൊൽക്കത്തയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.