Skip to content

ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇഷാൻ അവസരം നൽകാൻ സാധിക്കാത്തത് നിഭാഗ്യകരമാണെന്നും പക്ഷേ പ്രകടനം പരിശോധിക്കുമ്പോൾ ഗിൽ തുടർച്ചയായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.

” രണ്ട് ഓപ്പണർമാരും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ ഇരുവരുടെയും പ്രകടനം പരിശോധിക്കുമ്പോൾ ഗില്ലിന് തുടർച്ചയായ അവസരങ്ങൾ നൽകേണ്ടത് ന്യായമാണെന്ന് ഞാൻ കരുതുന്നു. കാരണം കഴിഞ്ഞ മത്സരങ്ങളിൽ ഗില്ലും ധാരാളം റൺസ് നേടിയിരുന്നു. ”

” ഇഷാൻ കിഷനെ ഞാൻ കുറച്ച് കാണുകയല്ല. അവനൊരു ഡബിൾ സെഞ്ചുറി നേടി. ഡബിൾ സെഞ്ചുറി എത്രത്തോളം വലിയ നേട്ടമാണെന്ന് എനിക്കറിയാം. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള കളിക്കാരോട് വേണ്ടത്ര അവസരങ്ങൾ നൽകേണ്ടതുണ്ട്. ” രോഹിത് ശർമ്മ പറഞ്ഞു.

ഇഷാൻ കിഷനെ കളിപ്പിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും എന്നാൽ എല്ലാവർക്കും ടീമിൽ അവസരം നൽകുമെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ 12 മത്സരങ്ങളിൽ നിന്നും 70.88 ശരാശരിയിൽ 638 റൺസ് ശുഭ്മാൻ ഗിൽ നേടിയിരുന്നു. മറുഭാഗത്ത് 8 മത്സരങ്ങൾ കളിച്ച ഇഷാൻ കിഷൻ 59.57 ശരാശരിയിൽ ബംഗ്ലാദേശിനെതിരായ ഡബിൾ സെഞ്ചുറി അടക്കം 417 റൺസ് നേടിയിരുന്നു.